ജീവനക്കാരും അധ്യാപകരും അനിശ്ചിതകാല സമരത്തിലേക്ക്
Posted on: 08-Oct-2012 02:24 PM
തിരു: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ജനുവരി 8 മുതല്‍ അനിശ്ചിതകാല സമരം നടത്തും. പങ്കാളിത്ത പെന്ഷന് ഉപേക്ഷിക്കുക, തസ്തിക വെട്ടിച്ചുരുക്കലും നിയമന നിരോധനവും അവസാനിപ്പിക്കുക, ശമ്പള കമ്മീഷന് ശുപാര്‍ശ പൂര്‍ണ്ണമായും നടപ്പാക്കുക, വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന നടപടി ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാരും അധ്യാപകരും സമരം തുടങ്ങുന്നത്. ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ജനറല്‍ കണ്‍വീനര്‍ എ ശ്രീകുമാര്‍, അധ്യാപക സര്‍വീസ് സംഘടന സമരസമിത ജനറല്‍ കണ്‍വീനര്‍ സി ആര് ജോസ് പ്രകാശ്, ഫെറ്റോ ജനറല്‍ കണ്‍വീനര്‍ സുരേഷ് കുമാര്‍ എന്നിവര്‍ തിരുവനന്തപു രത്ത് വാര്‍ത്താസമ്മേളനത്തിലാണ് സമരതീരുമാനം പ്രഖ്യാപിച്ചത്.
കഴിഞ്ഞ ആഗസ്ത് 16ന് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ അദ്ദേഹം നല്കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെന്ന് നേതാക്കള്‍ പറഞ്ഞു. അനിശ്ചിതകാല സമരത്തിന് മുന്നോടിയായി ഒക്ടോബര്‍ 16,17,18 തിയ്യതികളിലായി ജില്ലാതല പ്രചരണ ജാഥകള്‍ സംഘടിപ്പിക്കും. നവംബര്‍ 22ന് കാല്‍ലക്ഷം ജീവനക്കാര്‍ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാര്‍ച്ച് നടത്തും. പങ്കാളിത്ത പെന്ഷന് നടപ്പാക്കാന്‍ ആഗസ്ത് 8ന് എടുത്ത തീരുമാനം റദ്ദ് ചെയ്ത് സമരം ഒഴിവാക്കാനുള്ള സാഹചര്യം സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.