Monday, 15 October 2012

അനിശ്ചിതകാല പണിമുടക്ക് വാഹന പ്രചാരണ ജാഥ 16 മുതല്‍


Posted on: 13-Oct-2012 11:28 PM
കാസര്‍കോട്: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക, തസ്തികകള്‍ വെട്ടിക്കുറക്കലും നിയമന നിരോധനവും അവസാനിപ്പിക്കുക, വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന നടപടികള്‍ ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ജനുവരി എട്ടുമുതല്‍ സംസ്ഥാന ജീവനക്കാരും അധ്യാപകരും നടത്തുന്ന അനിശ്ചിതകാല പണിമുടക്കിന്റെ മുന്നോടിയായുള്ള വാഹന പ്രചാരണ ജാഥ 16ന് ആരംഭിക്കും. വൈകിട്ട് നാലിന് കുമ്പളയില്‍ സിഐടിയു ജില്ലാപ്രസിഡന്റ് കെ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. എ കെ ഉണ്ണികൃഷ്ണന്‍ ക്യാപ്റ്റനും ഒ എസ് മോളി വൈസ് ക്യാപ്റ്റനും കെ രവീന്ദ്രന്‍ മാനേജരുമായ ജാഥ 17ന് ബദിയടുക്ക, മുള്ളേരിയ, ബോവിക്കാനം, സിവില്‍ സ്റ്റേഷന്‍, ഉദുമ, പെരിയ, മാവുങ്കാല്‍, ഹൊസ്ദുര്‍ഗ് എന്നിവിടങ്ങളില്‍ പര്യടനം നടത്തും. 18ന് ഒടയംചാല്‍, പരപ്പ, വെള്ളിക്കോത്ത്, നീലേശ്വരം, ചെറുവത്തൂര്‍, ചീമേനി, കാലിക്കടവ് എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം തൃക്കരിപ്പൂരില്‍ സമാപിക്കും. സമാപന പൊതുയോഗം കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. സ്വീകരണം വിജയിപ്പിക്കാന്‍ ജില്ലാ സമരസമിതി യോഗം തീരുമാനിച്ചു. കെ രവീന്ദ്രന്‍ അധ്യക്ഷനായി. എം ബാലകൃഷ്ണന്‍, കെ രാഘവന്‍, യു സുധാകരന്‍, എം ചന്ദ്രശേഖരന്‍, സുനില്‍ കരിച്ചേരി, വി ചന്ദ്രന്‍, ബി രാധാകൃഷ്ണന്‍, എം സി ശേഖരന്‍ എന്നിവര്‍ സംസാരിച്ചു.