Saturday, 20 October 2012

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉത്തരവ് പിന്‍വലിക്കുക

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉത്തരവ് പിന്‍വലിക്കുക,വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന നയങ്ങള്‍ അവസാനിപ്പിക്കുക ,KSTA ചെമ്മനാട് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.സബ് ജില്ലാ സെക്രട്ടറി ടി.പ്രകാശന്‍ സംഘടനാ റിപ്പോര്‍ട്ടും കരുണാകരന്‍ കാനാവീട്ടില്‍ പ്രവര്‍ത്തനറിപ്പോര്‍ട്ടും അവതരിപ്പിച്ചു.സംസ്ഥാന നിര്‍വാഹക സമിതിയംഗം കെ.വി.ഗോവിന്ദന്‍മാസ്റ്റര്‍ ,സബ് ജില്ലാ പ്രസിഡന്റ് പി.ബാലകൃഷ്ണന്‍ നമ്പ്യാര്‍ ,ബാലസുബ്രഹ്മണ്യന്‍ അഭിവാദ്യങ്ങളര്‍പ്പിച്ചു.

Monday, 15 October 2012

അനിശ്ചിതകാല പണിമുടക്ക് വാഹന പ്രചാരണ ജാഥ 16 മുതല്‍


Posted on: 13-Oct-2012 11:28 PM
കാസര്‍കോട്: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക, തസ്തികകള്‍ വെട്ടിക്കുറക്കലും നിയമന നിരോധനവും അവസാനിപ്പിക്കുക, വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന നടപടികള്‍ ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ജനുവരി എട്ടുമുതല്‍ സംസ്ഥാന ജീവനക്കാരും അധ്യാപകരും നടത്തുന്ന അനിശ്ചിതകാല പണിമുടക്കിന്റെ മുന്നോടിയായുള്ള വാഹന പ്രചാരണ ജാഥ 16ന് ആരംഭിക്കും. വൈകിട്ട് നാലിന് കുമ്പളയില്‍ സിഐടിയു ജില്ലാപ്രസിഡന്റ് കെ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. എ കെ ഉണ്ണികൃഷ്ണന്‍ ക്യാപ്റ്റനും ഒ എസ് മോളി വൈസ് ക്യാപ്റ്റനും കെ രവീന്ദ്രന്‍ മാനേജരുമായ ജാഥ 17ന് ബദിയടുക്ക, മുള്ളേരിയ, ബോവിക്കാനം, സിവില്‍ സ്റ്റേഷന്‍, ഉദുമ, പെരിയ, മാവുങ്കാല്‍, ഹൊസ്ദുര്‍ഗ് എന്നിവിടങ്ങളില്‍ പര്യടനം നടത്തും. 18ന് ഒടയംചാല്‍, പരപ്പ, വെള്ളിക്കോത്ത്, നീലേശ്വരം, ചെറുവത്തൂര്‍, ചീമേനി, കാലിക്കടവ് എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം തൃക്കരിപ്പൂരില്‍ സമാപിക്കും. സമാപന പൊതുയോഗം കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. സ്വീകരണം വിജയിപ്പിക്കാന്‍ ജില്ലാ സമരസമിതി യോഗം തീരുമാനിച്ചു. കെ രവീന്ദ്രന്‍ അധ്യക്ഷനായി. എം ബാലകൃഷ്ണന്‍, കെ രാഘവന്‍, യു സുധാകരന്‍, എം ചന്ദ്രശേഖരന്‍, സുനില്‍ കരിച്ചേരി, വി ചന്ദ്രന്‍, ബി രാധാകൃഷ്ണന്‍, എം സി ശേഖരന്‍ എന്നിവര്‍ സംസാരിച്ചു.

Sunday, 14 October 2012

ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിച്ചു.

കാസര്‍ഗോഡ് സബ് ജില്ലയിലെ KSTA ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് തുടക്കമായി.മൊഗ്രാല്‍പുത്തൂര്‍ ബ്രാഞ്ചിന്റെ സമ്മേളനം 13.10.12 ന് അട്കത്ത്ബയല്‍ യു.പി.യില്‍ നടന്നു.

Monday, 8 October 2012

ജീവനക്കാരും അധ്യാപകരും അനിശ്ചിതകാല സമരത്തിലേക്ക്


ജീവനക്കാരും അധ്യാപകരും അനിശ്ചിതകാല സമരത്തിലേക്ക്
Posted on: 08-Oct-2012 02:24 PM
തിരു: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ജനുവരി 8 മുതല്‍ അനിശ്ചിതകാല സമരം നടത്തും. പങ്കാളിത്ത പെന്‍ഷന്‍ ഉപേക്ഷിക്കുക, തസ്തിക വെട്ടിച്ചുരുക്കലും നിയമന നിരോധനവും അവസാനിപ്പിക്കുക, ശമ്പള കമ്മീഷന്‍ ശുപാര്‍ശ പൂര്‍ണ്ണമായും നടപ്പാക്കുക, വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന നടപടി ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാരും അധ്യാപകരും സമരം തുടങ്ങുന്നത്. ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ജനറല്‍ കണ്‍വീനര്‍ എ ശ്രീകുമാര്‍, അധ്യാപക സര്‍വീസ് സംഘടന സമരസമിത ജനറല്‍ കണ്‍വീനര്‍ സി ആര്‍ ജോസ് പ്രകാശ്, ഫെറ്റോ ജനറല്‍ കണ്‍വീനര്‍ സുരേഷ് കുമാര്‍ എന്നിവര്‍ തിരുവനന്തപു രത്ത് വാര്‍ത്താസമ്മേളനത്തിലാണ് സമരതീരുമാനം പ്രഖ്യാപിച്ചത്.

കഴിഞ്ഞ ആഗസ്ത് 16ന് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ അദ്ദേഹം  നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെന്ന് നേതാക്കള്‍ പറഞ്ഞു. അനിശ്ചിതകാല സമരത്തിന് മുന്നോടിയായി ഒക്ടോബര്‍ 16,17,18 തിയ്യതികളിലായി ജില്ലാതല പ്രചരണ ജാഥകള്‍ സംഘടിപ്പിക്കും. നവംബര്‍ 22ന് കാല്‍ലക്ഷം ജീവനക്കാര്‍ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാര്‍ച്ച് നടത്തും. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാന്‍ ആഗസ്ത് 8ന് എടുത്ത തീരുമാനം റദ്ദ് ചെയ്ത് സമരം ഒഴിവാക്കാനുള്ള സാഹചര്യം സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.

Wednesday, 3 October 2012

കെ.എസ്.ടി.എ യൂണിറ്റ് സമ്മേളനങ്ങള്‍ പൂര്‍ത്തീകരിക്കുക

കാസര്‍ഗോഡ് സബ് ജില്ലയിലെ   കെ.എസ്.ടി.എ യുടെ മുഴുവന്‍ യൂണിറ്റ് സമ്മേളനങ്ങളും സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് സബ് ജില്ലാ കമ്മറ്റി അറിയിച്ചു.