Thursday, 26 July 2012

ഷോക്ക് വന്നു: വൈദ്യുതി നിരക്കില്‍ വന്‍ വര്‍ധനവ്


Posted on: 26-Jul-2012 02:45 PM
തിരു: വൈദ്യുതിനിരക്ക് കുത്തനെ വര്‍ധിപ്പിച്ച് സംസ്ഥാന റെഗുലേറ്ററി കമീഷന്‍ വ്യാഴാഴ്ച ഉത്തരവ് ഇറക്കി. ബുധനാഴ്ച വൈകിട്ട് ചേര്‍ന്ന കമീഷന്‍ യോഗമാണ് നിരക്ക് വര്‍ധനയ്ക്ക് അന്തിമരൂപം നല്‍കിയത്. ഉപയോക്താക്കളില്‍നിന്ന് സ്ഥിരംനിരക്കും ഈടാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 10 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ ഉയര്‍ത്തുന്നത്. നിരക്ക് വര്‍ധനവിന് ജൂലൈ 1മുതല്‍ മുന്‍കാല പ്രാബല്യമുണ്ട്.

പുതുക്കിയ വൈദ്യുതി നിരക്കുകളുടെ യൂണിറ്റ് വര്‍ധന ഇപ്രകാരമാണ്. 0-40 യൂണിറ്റ്-1.50 രൂപ, 41-80 യൂണിറ്റ്-1.90 രൂപ, 81-120 യൂണിറ്റ്- 2.20 രൂപ, 121-150 യൂണിറ്റ്- 2.40 രൂപ, 151-200യൂണിറ്റ്-3.10 രൂപ, 201-300 യൂണിറ്റ്- 3.50 രൂപ, 301-500 യൂണിറ്റ്- 4.60 രൂപ, 500 യൂണിറ്റിന് മുകളില്‍ 6.50 രൂപ. സിങ്കിള്‍ ഫേസ് കണക്ഷനുകള്‍ക്ക് 20 രൂപയും ത്രിഫേസ് കണക്ഷനുകള്‍ക്ക് 60 രൂപയും ഫിക്സഡ് ചാര്‍ജ് ഈടാക്കും. 30,000 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്ന വാണിജ്യ കണക്ഷനുകളുടെ നിരക്കും വര്‍ധിക്കും. സ്ലാബ് കണക്കാക്കാതെ മുഴുവന്‍ ഉപയോഗത്തിനും ഇതേ നിരക്കാണ് ഏര്‍പ്പെടുത്തുക.